നിലന്പൂർ: നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തി അരുവാക്കോട് മലയിൽ കുന്നിടിച്ച് അനധികൃത റോഡ് നിർമാണം. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ ഇവിടെ പ്രവൃത്തി നിർബാധം തുടരുകയാണ്.
മലയുടെ താഴ്വാരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കിയാണ് അനധികൃത നിർമാണ പ്രവൃത്തി. നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയും മിനി വൈദ്യുതി നിലയവും ഈ മലയുടെ താഴ് വാരത്താണ്.
അധികൃതരുടെ മൗനാനുവാദമില്ലാതെ സ്വകാര്യ ഭൂവുടമകൾക്ക് വലിയ തോതിൽ കുന്നിടിച്ച് റോഡ് നിർമാണം നടത്താനാകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലങ്ങളിൽ താഴ്വാരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്.
എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃതമായി പ്രവൃത്തി തുടരുന്നതെന്നാണ് ആരോപണം. ജീവനും സ്വത്തിനും ഭീഷണിയായ കുന്നിടിച്ചുള്ള നിർമാണം അനുവദിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവൃത്തി നിർത്തിവയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തം; പ്രവൃത്തി തടഞ്ഞു
നിലന്പൂർ: അരുവാക്കോട് മലയിൽ കുന്നിടിച്ചുള്ള റോഡ് നിർമാണം ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റവന്യു ഉദ്യോഗസ്ഥർ നിർത്തിവപ്പിച്ചു. മലയുടെ താഴ്വാരത്തെ കുടുംബങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നിലന്പൂർ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ ഭൂവുടമകൾക്ക് നിർദേശം നൽകുകയായിരുന്നു. അരുവാക്കോട് മലയിൽ നിർമാണ പ്രവൃത്തിയുടെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കുന്നിടിച്ച് റോഡ് നിർമിക്കുന്നത്.
വലിയ പാറക്കല്ലുകൾ ഇളക്കി മാറ്റിയും വലിയ തോതിൽ കുന്നിടിച്ചുമാണ് ലോറിക്ക് വരെ കടന്നുപോകാവുന്ന രീതിയിൽ റോഡ് നിർമിച്ചിട്ടുള്ളത്. ഇതിനെതിരേ പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് 150 ഓളം കുടുംബങ്ങളാണുള്ളത്.